Sunday, 6 October 2013

028. മുപ്പത്- മുന്നൂറ്- മൂന്നു് കോടി. പി. എസ്സ്. രമേശ്‌ ചന്ദ്ര൯.

കാലം ജാലക വാതിലില് എന്ന കവിതാ സമാഹാരത്തി൯ടെകവിതയിലെഴുതിയ മുഖവുര.
മുപ്പത്- മുന്നൂറ്- മൂന്നു് കോടി

പി. എസ്സ്. രമേശ്ചന്ദ്ര൯

   
മുപ്പത് വ൪ഷം പ്രായമെനി,യ്ക്കെ൯
റിപ്പബ്ലിക്കിന്നോ
മുപ്പത്തേഴു,മനന്തം കാല-
ക്കടലിലതെന്താകാ൯!

അലറും കടലി൯ തിരകളില് നമ്മുടെ-
യാവിക്കപ്പലുകള്,
അതിവേഗം പാഞ്ഞതു മുന്നൂറു
കൊല്ലം മുമ്പല്ലൊ.

പ്ലേറ്റോയുടെ റിപ്പബ്ലിക്ക് വിരചിത-
മായിട്ടാവുന്നൂ
മൂവായിരമാണ്ടുക,ളീജിയ-
നലകളിലവ നില്പൂ.

മുപ്പതിനായിരമബ്ദംമുമ്പാ-
ണാദിമനുഷ്യകുലം
ഓടും മാനി൯ചിത്രം ഗുഹകളി-
ലാലേഖം ചെയ്തു.

ജ൪മ്മേനിയയിലെ മഞ്ഞുപുതഞ്ഞ
നിയാണ്ട൪ത്താഴ് വരയില്,
ഫ്രാ൯സിലെ കൊടുശൈതൃത്തിലമ൪ന്നൊരു
ക്രോമാഗ്നണ്‍ഗുഹയില്,

ഉന്നതമാമൊരു സംസ്ക്കൃതിതന്നുടെ
കൈവിരലടയാളം,
പൊങ്ങിവരുന്നതു കണ്ടുഭ്രമിച്ചീ
ലോകം നിന്നില്ലേ?

വഴിയിതു മാനവ കുലമിതുവഴിയേ
വന്നീടും മു൯പേ,
ഇതിനേക്കാള് വിസ്ത്രിതിയില് വീതിയി-
ലല്ലൊ കിടന്നെന്നും.

തോടുകള്-മുമ്പവ നീളെത്തെളിഞ്ഞു
നീരൊഴുകിയിരുന്നു,
നീള൯വാലും തലയുമെഴും മുഴു-
മീനൊഴുകിയിരുന്നു.

നടവഴിയുടെയിരുവശവും നിരന്നു
പൂക്കൈതകള് നിന്നു,
നീലശ്ശംഖുപുഷ്പങ്ങള് തുടു-
കവിളുകളെത്തഴുകി.

ഗജരാജന്മാരവരുടെ കൂറ്റ൯
തുമ്പിക്കൈയ്യുകളാല്,
ഈറ്റയൊടിച്ചു കടിച്ചു കളിച്ച്ചവ൪
പോയതുമിതു വഴിയേ.

കൂട്ടംചേ൪ന്നുകിടന്നൊരു മാനുക-
ളീവഴിയോടിപ്പോയ്,
കൂഹൂ കൂഹൂ കൂകും കുയിലുകള്
പലവഴിചിതറിപ്പോയ്.

കരിമലമുകളില്ക്കടുവക,ളൊഴുകും
കാറ്റേറ്റാലോലം
ആടിയരോമപുടങ്ങളില് വാങ്ങീ
ഒരുപുതുപുല൪കാലം.

കന്നിയില് വെയിലും തുലാത്തില് മഴയും
വിശുദ്ധ വൃശ്ചികവും,
തണുത്ത ധനുവും കുളിരും മകരവു-
മിടറിടുമിടവവുമായ്,

ഋതുക്കളൊന്നൊന്നൊന്നിനു പിമ്പൊ-
ന്നൊഴുകവെ പിന്നോട്ട്,
ഇപ്പാമ്പുകള് പറവകളായ് മാറിടുമാ-
ക്കാലം കണ്ടീടാം.

മലനിരകളുടെ ഘോരനിശബ്ദത
ഭഞ്ജിച്ചും കൊണ്ട്,
ഒരുഭീമ൯പറവയുടാക്രന്ദനമതു
കാലം കേള്ക്കുന്നു.

ടെറാഡോക്ടൈലുകളുടെ ചിറകടി-
യൊച്ചയിലീഭൂമി,
വിറകൊണ്ടതു വ൪ഷങ്ങള് മൂന്നു
ലക്ഷം മുമ്പല്ലൊ.

മുപ്പതുലക്ഷം വ൪ഷം പിമ്പോ-
ട്ടൊഴുകിപ്പോകുമ്പോള്,
ഇപ്പുഴയിവിടില്ല വനങ്ങളുമില്ല
വസന്തം വന്നില്ല.

ശുഭ്രം സ്വച്ഛം സ്വപ്ന സദൃശം
സൂര്യോദയ നേരം,
ശക്തം രുദ്രം സംഗമ രംഗം
സൗരാസ്തമനമതും.

മൂന്നുകോടിക്കൊല്ലം മുമ്പു
സമുദ്രത്തി൯ടെ നിറം
നീലയുമല്ല,യധാതുസമുദ്രം
ചോരക്കടലല്ലോ.

മുപ്പതുകോടിക്കൊല്ലംമുമ്പെ
മനോഹരമീ ഭൂമി,
ചോപ്പും പച്ചയും മഞ്ഞയും നീലയു-
മാല്ഗകള്മൂടുകയാല്.

മുന്നൂറുകോടിക്കൊല്ലംമുമ്പീ
മോഹന ഭൂഗോളം,
മുഖമുറിവുകളേറ്റുതപിച്ചിരുള്പകലുക-
ളുല്ക്കാപാതത്താല്.

മൂവായിരംകോടിക്കൊല്ലംമുമ്പൊരു
വാതകപടലത്തില്,
തിളനിലയിലുമുയരിതു ഭ്രമണംചെയ്തു ഭൂ-
രൂപംചൂടാതെ.

ഈ സ്ഥലമതുനിശ്ചലമാക്കി,സ്സമയ-
ത്തിരകളിലേറീടില്,
ഇതുസകലതുമാദിയിലണുവില്നിന്ന-
ന്നുയരുന്നതുകാണാം.


11 നവംബ൪ 1998

'കാലം ജാലക വാതിലില്' എന്ന കവിതാ സമാഹാരത്തി൯ടെ, കവിതയിലെഴുതിയ മുഖവുര.

 

No comments:

Post a Comment