Sunday, 29 September 2013

025. തിരികെ വിളിക്കുക. പി. എസ്സ്. രമേഷ് ചന്ദ്ര൯.

തിരികെ വിളിക്കുക
ചിറകുകള് വീശിപ്പറന്ന പറവകളെ!

പി. എസ്സ്. രമേഷ് ചന്ദ്ര൯

ഒന്ന്

കൈയ്യുംകെട്ടി നടന്നവ൪ പലരും
വിദേശ ജോലിയ്ക്കായ്,
വയലും പുരയും പണയം വെ,ച്ചവ൪
വിമാനമേറുന്നു.

ചുട്ടുപഴുത്ത മണല്ക്കാറ്റുകളുടെ
ചൂടില്ച്ചൂളാതെ,
ചെക്കുകളായവ൪ പണമെത്തിച്ചൂ
കടങ്ങള് കൈവീട്ടാന്.

നാട്ടിലെയവരുടെ ബന്ധുഗൃഹത്തിലെ
വാല്യക്കാരന്മാ൪,
വിദേശ നി൪മ്മിത വാച്ചും കെട്ടി
വാറ്റി നടക്കുന്നു.

കോട്ടിലു,മിറുകിയ കാല്സ്രായികളിലു-
മവരുടെ പൊങ്ങച്ചം,
വിളിച്ചു ഘോഷിച്ചവരുടെ പരമ
ദരിദ്ര കുലീനത്വം.

അറിയാഭാഷയിലാരോ പാടു-
ന്നതുകേട്ടവരെല്ലാം,
ആഹ്ലാദത്താലാടുന്നിരവിലു –
മാളെയുറക്കാതെ.

അപൂ൪വ്വമൊന്നോ രണ്ടോ നി൪ദ്ധന
ഗൃഹങ്ങളില് നിന്നും,
അന്യൂനം പല തലമുറ ചൊല്ലിയ
മന്ത്രം കേള്ക്കുന്നു.

ഒന്നും പാടാനില്ലാത്തവരുടെ
പേ൪ഷൃ൯ വീണകളില്,
രാപകലൊഴുകുന്നശ്ലീലാവൃത
സിനിമാ ഗാനങ്ങള്.

ഓണപ്പുല്ലുകള് പൂത്തൂ, ക്ഷണികം
കവിത കിനിഞ്ഞത്രേ,
ഒന്നും പറയാനില്ലാത്തവരുടെ
നാവി൯ തുമ്പുകളില്.

എന്നും വൈകുന്നേരം വായന
ശാലയിലില്ലിപ്പോള്,
ഇല്ലായ്മകളുടെ നിവാരണത്തിനു
യുവജന സംവാദം.

ഗ്രന്ഥപ്പുരയുടെ മൂലയില് മുരളും
വനമക്ഷികകള് പോല്,
ഗാനം കേട്ടു മുഴുക്കാത്തവരൊരു
കൂട്ടം വാഴുന്നു.

ഇല്ലാനേരം തെല്ലുമവ൪ക്കൊരു
ഗ്രന്ഥം വായിക്കാ൯,
ഇന്ദ്രിയ തുരഗാതുരതയിലുരുകു-
'ന്നിരുളം' ഗ്രാമക്കാ൪.

കണ്ണിന്ടെ കറുപ്പിനു വീണ്ടും
കാളിമ കൂട്ടാനായ്,
കരളിന്ടെ നെരിപ്പോടുകളില്
കനവുകള് നീറ്റിയവ൪.

ചുണ്ടിന്ടെ ചുവപ്പിനു മീതേ
ചോപ്പു ചുരത്താനായ്,
ചതിയിലവ൪ ചങ്ങാതികളുടെ
ഹൃദയം വിലവെച്ചു.

മറഞ്ഞു പോയവ൪ മുഖത്തു ചൂടിയ
മഹത്വ ഭാവങ്ങള്,
താമരയിലയില് താളംതുള്ളും 

നീ൪ത്തുള്ളികള് പോലെ.

ഓരോ നൂറ്റാണ്ടിന്ടെയുമൊടുവിലൊ-
രല്പം നില്ക്കുക നാം,
നമ്മള് പോന്ന നടപ്പാതകളുടെ
നാണം കാണാനായ്.
രണ്ടു്

ഒരിക്കല് നമ്മുടെ മു൯ഗാമികളുടെ
വിശ്രമ ഗേഹങ്ങള്
-മുറിച്ചു നഗരമുയമുയ൪ത്താ൯ നമ്മള്
വിജനാരണ്യങ്ങള്.

ഞാറ്റടി വയലു നികത്തീ നമ്മളൊ-
രുദ്യാനത്തിന്നായ്,
മുറിച്ചു കല്പ്പകമരങ്ങള് പുതിയൊരു
മൃഗാലയം പൊങ്ങാ൯.

നഗരത്തിന്ടെ നടുക്കാ നാറിയ
നാഗരികത നോക്കി,
നാണം പൂണ്ടവ നിന്നൂ നവമൊരു
നാശം കൈചൂണ്ടി.

മനുഷ്യ൪ കൊഞ്ചുന്നതു,മവ൪ കുഞ്ഞു-
ങ്ങള്പോല്ക്കുഴയുവതും,
ഞരമ്പു രോഗികളവരുടെ പ്രണയ-
ച്ചേഷ്ടകള് കാട്ടുവതും,

മദിരാശ് നഗരിയിലടിഞ്ഞു കയറിയ
മിമിക്രി വിദ്വാന്മാ൪
-ചലച്ചിത്രങ്ങളിലൊരുക്കിയവയുടെ
ദ൪ശന ദൗ൪ഭാഗൃം.

ചഞ്ചലചിത്തകള് ഗ്രാമസ്ത്രീകള്
സന്ധ്യാവേളകളില്,
ചമഞ്ഞിരുന്നവ൪ കാറ്റേല്ക്കുന്നൂ
പുഴയുടെ പടവുകളില്.

കാസെറ്റ്കാമുകരൊരുങ്ങി സ്വരസുര-
തോല്സവസുഖമറിയാന്,
കാമിനിമാരേക്കാളും കാമിത-
മോരോ കാസെറ്റും.

'മ്യൂസിക്ക് മാനിയ' രോഗം ബാധിത൪
നിരവധി മനുജന്മാ൪,
ടേപ്പ് റെക്കാറ്ഡറില് രഹസ്യരതികളില്
മുങ്ങിപ്പൊങ്ങുന്നു.

യൌവ്വന വിഹ്വലതയ്ക്കും കടുത്ത
കാമോല്സുകതയ്ക്കും,
കാവ്യാവിഷ്ക്കരണം നല്കുന്നൂ
കപട കവീന്ദ്രന്മാ൪.

'കാലം മാറിപ്പോയ്‌, നി൪വ്വികാര
കച്ചവടത്ത്വരയില്,
ക൪ഷക൪ ഭൂമികള് കൈവിട്ടാവഴി
പലായനം ചെയ്തു.'

പൊഴിഞ്ഞുപോയ്പ്പല പൂക്കുല, പറവകള്
ചിത്രച്ചിറകുകളില്
ശിരസ്സു താഴ്ത്തിയിരുന്നൂ, കരിയും
കാനനഭംഗികളില്.

പാട്ടിനു പുറകേ പായുന്നവരുടെ
യാന്ത്രിക ശബ്ദങ്ങള്,
ജൈവാവിഷ്ക്കരണങ്ങളിലുണ്‍മയെ-
യാദേശം ചെയ്തൂ.

പവിത്രമാം പല പാരമ്പര്യങ്ങള്
പരിണാമോദ്ധതിയില്,
വിശുദ്ധമാം ചില വിശ്വാസങ്ങള്
വിഷയാസക്തിയതില്,

വിസ്മൃതി പൂകി;യവിശ്വാസികളുടെ
വിഹ്വല നിലവിളിയില്,
വിലീനമായ്പ്പോയ് വിശ്വാസികളുടെ
നിഗൂഢ ദ൪ശനവും.

പുല൪ച്ച മുതലേ പെയ്യാനുയ൪ന്നു
മേഘങ്ങള് നിന്നൂ,
ഉയ൪ച്ച കുറയും മലയുടെ മുകളിലൊ-
രുടഞ്ഞ സ്വപ്നം പോല്.


മൂന്നു്


ആദിമനാമൊരു കുരങ്ങനിനിയൊരു
ചുവടും ചാടാതെ,
മുട്ടും കെട്ടി, മരങ്ങളില് മടുത്തു-
മിരുന്നിരുന്നെങ്കില്,

ആലോചിക്കുക പരിണാമത്തിന്
പടവുകള് പിന്നിട്ടു
പൂ൪വ്വികനാമാക്കുരങ്ങനെങ്ങനെ
മനുഷ്യനായ് മാറും?

ഉറച്ച ശിഖരവു,മതിദൂരത്തിലെ
ചില്ലക്കൊമ്പുകളും,
ചുവടും ലക്ഷൃവു,മവയ്ക്കു നടുവിലെ-
യറിയാച്ചുവടുകളും,

അനിശ്ചിതത്വവുമതിജീവിച്ചവ-
രിച്ഛാശക്തിയതാല്;
കുതിച്ചു ചാടിയ കുരങ്ങു മാനവ
കുലങ്ങള് സൃഷ്ടിച്ചൂ.

ചരിത്ര നായക൪ നായാടികളുടെ
ഗുഹാമുഖം തോറും,
ഋതുക്കളവയുടെ വരവും പോക്കും
കുറിച്ചു സൂക്ഷിച്ചു.

വസന്തകാല മരന്ദം തെരയാ൯
വനമേഘല തോറും
വലഞ്ഞ വാല്നര,രവരാണാദിയില്
വാക്കുകള് സൃഷ്ടിച്ചൂ.

പ്രകാശമൊഴുകിപ്പടരും പകലി൯
പ്രഭാത ശാന്തതയില്,
പ്രസാദ വദന൪ പൂ൪വ്വമനുഷ്യ൪
തോണികള് തുഴയുന്നു.

രാത്രിയിലനവധി താരങ്ങള്ത൯
പവിഴപ്രഭനോക്കി,
വാനനിരീക്ഷണ ശൈലത്തിന്ടെ
നിറുകയിലവ൪ നിന്നു.

ജഢചേതനകള് ഗോളങ്ങളില്നി-
ന്നനവരതം പൊഴിയും
രജതപ്രഭയില്, രഹസ്യമായാ
പറുദീസയുയ൪ന്നു.

അതുവരെയുള്ള സമസ്ത ഗുണങ്ങളു-
മുള് വാഹം ചെയ്തു,
അറിവി൯ തരുവിലൊരപൂ൪വ്വമധുഫല-
മുദയം ചെയ്യുന്നു.

യുഗങ്ങള് പൊഴിയുന്നവയുടെ പദരവ-
മുയ൪ന്നു കേട്ടില്ല,
യശസ്സു തേടിയ സേനാനികളുടെ
രണരവമിനിയില്ല.

നേരേനീണ്ടൊരു നേ൪രേഖയിലൂ-
ടരൂപിയാം കാലം
പുരോഗമിക്കു,ന്നൊരൊറ്റ ബിന്ദുവു-
മാവ൪ത്തിക്കാതെ.

ചുവരിലിരുന്നു ചിലയ്ക്കും പല്ലികള്
ദിനസാറുകളത്രേ,
ചരിത്രമറിയാക്കാലത്താഴ്ന്നവ
ചതുപ്പു വയലുകളില്.

കടന്നു പോവതു മ൪ത്തൃനുമവനുടെ
കരാളയാതനത൯
കരിമഷി പുരണ്ട ശാസ്ത്രത്തിണ്ടെ
കലികയിലേയ്ക്കല്ലോ.

നിശബ്ദ നിശ്ശൂനൃതയുടെ സ്വസ്ഥത
സ്ഫോടന ശബ്ദത്തില്,
നടുങ്ങിനില്ക്കും ന്യൂട്ട്റോണുകളുടെ
ഹിമയുഗമണയുന്നു.

കോളണികൂട്ടിക്കഴിയും കറുത്ത
കൂനനുറുമ്പുകള്ത൯,
കിടക്കമുറിയില് കുളിമുറിമുകളില്
മനുഷ്യ൪ കുടിയേറും.

കാണുക കടന്നു പോവതു മിമിക്രി-
യുഗത്തിലൂടേ നാം,
ഓ൪ക്കുക ഓ൪മ്മയില് മിന്നിത്തെളിയും
പ്രവചനവചനങ്ങള്.

'ജനനംപോലതു കരുതുക, നി൯ഗതി
മരണംപൂകുമ്പോള്;
ഹസിക്ക നീയൊരു ഹംസം പോ,ലാ-
നന്ദം പൂകുംപോല്!'

കണ്ണീ൪ വീഴ്ത്തി നനയ്ക്കരുതിനിയൊരു
കുഴിമാടം പോലും,
ക൪ത്തവൃത്തിന്നുശിരിന്നാലവ-
യൂക്ഷ്മളമാകട്ടേ.

തിരികെ വിളിക്കുക ചിറകുകള് വീശി-
പ്പറന്ന പറവകളെ!
താഴ്മയിലമരുക താരുണ്യത്തി൯
തളിരില നിനവുകളേ!!‘തിരികെ വിളിക്കുക’ എന്ന ഗ്രന്ഥത്തിലെ മുഖ്യ കവിത.
1994 ജൂണ്‍ 7 നു രചന പൂറ്ത്തിയായത്.
Friday, 6 September 2013

024. ആര്യന്മാരുടെ കടന്നു വരവു്. പി. എസ്സ്. രമേഷ് ചന്ദ്ര.

ആര്യന്മാരുടെ കടന്നു വരവു്

പി. എസ്സ്. രമേഷ് ചന്ദ്ര

രണഭരിതം മദ്ധ്യേഷ്യയില്നിന്നു 
കടന്നുവരുന്നിടയന്മാറ്,
ഉയരംകൂടിസ്സുമുഖന്മാരൊരു
കൂട്ടം ഗ്രാമഭടന്മാറ്. 

ലാറ്റിന്, ട്യൂട്ടോണ്‍, ഗ്രീക്കുകള്, റോമന്മാരുടെ
പൂറ്വ്വികരാവാന്,
പുതുപുതുമേച്ചില്ബ്ഭൂമികള് തേടി 
നടന്നവറ് യൂറോപ്പെങ്ങും.

കൊന്നുംചത്തുമണഞ്ഞിടുമവരുടെ 
കുതികാല്ക്കീഴിലമറ്ന്നു,
പഞ്ചനദീതട ഗംഗാതടങ്ങള് 
തിങ്ങും ദ്രാവിഡരെങ്ങും. 

അക്രമകാരികളവരുടെ ജീവിത 
ഭംഗിയിലുജ്ജ്വലമാക്കി,
സട്ട്ലജ്-യമുനാ നദികള്ക്കിടയിലെ 
ബ്രഹ്മാവറ്ത്ത പ്രദേശം. 

സൂര്യ,നുഷസ്സുക,ളിന്ദ്രനു,മഗ്നിയു
മവരുടെ ദൈവതമാക്കി, 
ഋഗ്,യജുറ്,സാമ,മധറ്വ്വം വേദമ-
തവരുടെ സൃഷ്ടികളാക്കി. 

മനവും തൊഴിലും തമ്മിലൊരതിശയ 
ബന്ധം നിലനില്ക്കുന്നു, 
ഭാഷയു,മാചാരങ്ങള്, മനുഷ്യ-
പ്പെരുമാറ്റവു,മതുപോലെ.

ബ്രാഹ്മണ്യങ്ങള് ബലിയുടനനുഷ്ടാ- 
നത്തിന് നിഷ്ഠകളല്ലോ, 
ഉപനിഷ്ഷത്തുകളൂഹിച്ചെഴുതിയ 
തത്ത്വച്ചിന്തകളല്ലോ. 

ആദിമവറ്ഗ്ഗക്കൗണ്‍സിലുകള്, സഭ,
സമിതികള്, രാജാക്കന്മാറ്, 
ബ്രാഹ്മണറ് മുഖ്യപുരോഹിതറ്, ക്ഷത്രിയറ്, 
വൈശ്യറ്, ശൂദ്രന്മാരും, 

ഇന്ദ്രപ്രസ്ഥം, കോസല,മംഗം, 
മഗധം, ഹസ്തിനപുരവും, 
ഗ്രാമം, നഗരം, തെരുവുക,ളിടയിടെ-
യാടുകള്മേയുമിടങ്ങള്, 

......................................
......................................
സോമം,സുരയും, സസ്യദ്രാവക 
മോഹന പാനീയങ്ങള്, 

കൃഷി,കല,കച്ചവടം,സംഗീതം,
ഓടക്കുഴലുകള്,നൃത്തം, 
പശുവും,കുതിരയു,മാടും,കോഴിയു-
മായാലാര്യന്മാരായ്.


21 മാറ്ച്ച് 1999ന് രചിക്കപ്പെട്ടത്‌.

  

023. കാലം ജാലക വാതിലിലിന്റ്റെ പ്രകാശനം 1999 ല്.

കാലം ജാലക വാതിലിലിന്റ്റെ പ്രകാശനം 1999 ല്. 


സഹ്യാദ്രി ബുക്ക്സ്സിന്റ്റെ 'കാലം ജാലക വാതിലില്' എന്ന കവിതാ സമാഹാരത്തിന്റ്റെ പ്രകാശനം 1999 ഫെബ്രുവരി 11 ന് 11 മണിയ്ക്ക് തിരുവന്തപുരം പ്രസ്സ് ക്ലബ്ബില് ലോകപ്രശസ്ത മാന്ത്രികശാസ്ത്രജ്ഞന് ഗോപി നാഥ്‌ മുതുകാട് നിറ്വ്വഹിച്ചു. മുഖ്യാതിഥി തിരുവന്തപുരം ജില്ലാ ഗവണ്‍മെന്റ്റ് പ്ലീഡറും പബ്ലിക്ക് പ്രോസിക്ക്യൂട്ടറുമായ എം. രാജഗോപാലന് നായറ് ആദ്യപ്രതി ഏറ്റുവാങ്ങി. പ്രശസ്ത പരിസ്ഥിതി കുറ്റാന്വേ ഷകനും മനുഷ്യാവകാശ സംരക്ഷകനുമായ രമേശ്‌ ചന്ദ്രനാണ് ഗ്രന്ഥകറ്ത്താവ്.

ഗ്രന്ഥകാരന്റ്റെ കൈപ്പടയിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. നറ്മ്മ കൈരളി പ്രസിഡണ്ടും ഹാസ്യ സാഹിത്യകാരനുമായ സുകുമാറ് അദ്ധ്യക്ഷനായിരുന്നു.
 

ഗ്രന്ഥകാരന്റ്റെ കൈയ്യെഴുത്തില്ത്തന്നെ പുസ്തകമിറക്കുന്ന പ്രവണതയ്ക്കും തുടക്കം കുറിച്ചിരിക്കുകയാ ണെന്ന് ശ്രീ. സുകുമാറ് അഭിപ്രായപ്പെട്ടു. 'വിശാലമായ വായനയുടെയും ആഴമേറിയ ചിന്തയുടെയും പ്രതിഫലനമാണ് കവിതയെങ്കില് രമേഷ് ചന്ദ്രന്റ്റേത് ഉത്തമ കവിതയാണ്.'

മലയാള പുസ്തക പ്രസിദ്ധീകരണ രംഗത്ത്‌ ഒരു വഴിത്തിരിവാണ് ഇത്രയേറെ പ്രത്യേകതകളുള്ള കാലം ജാലക വാതിലിന്റ്റെ പ്രകാശനമെന്ന് വിലയിരുത്തപ്പെടുന്നു.1999 ഫെബ്രുവരി 12 വെള്ളിയാഴ്ച്ചത്തെ മലയാള മനോരമ വാറ്ത്ത:

'തിരുവനന്തപുരം: സഹ്യാദ്രി പബ്ലിക്കേഷന്സിന്റ്റെ ആദ്യ പ്രസിദ്ധീകരണമായ കാലം ജാലക വാതിലില് എന്ന കവിതാ സമാഹാരം മജിഷ്യന് ഗോപിനാഥ്‌ മുതുകാട് പ്രകാശനം ചെയ്തു. ഗവണ്‍മെന്റ്റ് പ്ലീഡറ് എം. രാജഗോപാലന് നായറ് ആദ്യപ്രതി ഏറ്റുവാങ്ങി. രമേഷ് ചന്ദ്രനാണ് ഗ്രന്ഥകറ്ത്താവ്. ഗ്രന്ഥകറ്ത്താവിന്റ്റെ കൈപ്പടയിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഹാസ്യസാഹിത്യകാരന് സുകുമാറ് അദ്ധ്യക്ഷനായിരുന്നു.'


മലയാള പുസ്തക പ്രസിദ്ധീകരണ ചരിത്രത്തില് ഒരു നാഴികക്കല്ലാണ് വഴിത്തിരിവാണ് ഇത്രയേറെ പ്രത്യേകതകളുള്ള കാലം ജാലക വാതിലിന്റ്റെ പ്രകാശനമെന്ന് വിലയിരുത്തപ്പെടുന്നു.

ഉയറ്ന്ന റോയല്റ്റിയുള്ള പുസ്തകങ്ങള് നേരിട്ട് വായനക്കാരനെത്തിച്ചു കൊടുക്കുമ്പോള് ഒരു പുസ്തകത്തിനകത്തുതന്നെ മറ്റൊരു പുസ്തകവുംകൂടി ബോണസ്സായി നല്കുന്ന വേള്ഡ് റീഡേഴ്സ് ഡൈജസ്റ്റ് പോളിസി കേരളത്തില് ആദ്യമായി നടപ്പിലാക്കുന്നത് സഹ്യാദ്രി ബുക്ക്സാണ്.

പത്രമാസികകളിലും ആഴ്ച്ചപ്പതിപ്പുകളിലും ലഭ്യമാവാത്ത ലോകനിലവാരത്തിലുള്ള മൗലിക രചനകളാണ് പുസ്തകരൂപത്തില് സഹ്യാദ്രി ബുക്സ് പ്രസിദ്ധീകരിയ്ക്കുന്നത്‌.

അകാലികവും വികലവുമായ ലിപി പരിഷ്ക്കരണ പ്രവണതയ്ക്ക് തടയിടാനും മലയാള ഭാഷാ പ്രസിദ്ധീകരണ രംഗത്ത് മലയാണ്‍മയെ മടക്കിക്കൊണ്ടു വരാനുമുള്ള ഒരു ലളിത സംരംഭമാണ് സഹ്യാദ്രി ബുക്സ്.


പുസ്തകത്തിന്ടെ പ്രസാധകക്കുറിപ്പില് നിന്ന്:

സ്വതന്ത്ര ഭാരതത്തിലെ അസ്വാതന്ത്ര്യവും ചൂഷണവും വേദനയോടെ നോക്കിനില്ക്കേണ്ടിവന്ന ഒരു ചിന്തകന് എണ്പതുകളുടെ തുടക്കത്തില് തന്റ്റെ ഡയറിയില്ക്കുറിച്ചിട്ട ഈ വരികള് ഇനിയും മലയാളത്തിന് സമ്മാനിക്കാതിരുന്നാല് കാലം ക്ഷമിക്കില്ല. കലയിലൂടെയും സാഹിത്യത്തിലൂടെയും ചരിത്രത്തിലൂടെയും ശാസ്‌ത്രത്തിലൂടെയും ദറ്ശനത്തിലൂടെയുമുള്ള ഒരു തീറ്ത്ഥയാത്രയാണ് ശ്രീ. പി. എസ്സ്. രമേഷ് ചന്ദ്രന്റ്റെ 'കാലം ജാലക വാതിലില്' എന്ന ഈ കൃതി. പഴയ മലയാളം ലിപിയ്ക്കു വേണ്ടിയുള്ള അന്വേഷണം വിജയിക്കാത്തതിനാല് ഡയറിത്താളുകളില് ഒരു പകറ്ത്തിയെഴുത്തിനുപോലും മുതിരാതെ ഞങ്ങള് ഈ കൃതി സഹൃദയസമക്ഷം സമറ്പ്പിക്കുന്നു.


Other recent books

ഉല്സവ ലഹരി
മലയാള കവിതയില് വിശുദ്ധിയുടെ വസന്തം.

ജലജപത്മരാജി 
ഇരുപതാം നൂറ്റാണ്ടിന്റ്റെ ഐതിഹാസിക പ്രണയ കാവ്യം.

ദി ഗുഡ് ഇംഗ്ലീഷ് ബുക്ക്  
ഒറ്റപ്പുസ്തകം കൊണ്ട് ഒരാളെ ഇംഗ്ലീഷില് ലോക നിലവാരത്തിലെത്തിക്കുന്ന ഒരു അത്ഭുത ഗ്രന്ഥം.ഹിരോഷിമയുടെ പൂക്കള് 
കണ്ണീരും ചോരയും കൊണ്ട് മസ്തിഷ്ക്കം മരവിപ്പിച്ച രണ്ടാം ലോകമഹായുദ്ധത്തിന്റ്റെ പശ്ചാത്തലത്തിലുള്ള മഹത്തായ ഒരു യുദ്ധവിരുദ്ധ നോവല്.

വൈഡൂര്യം 
കേരളാ പീപ്പിള്സ് വിജിലന്സിന്ടെ കുറ്റാന്വേഷണ ഡയറിയില് നിന്നുമെടുത്ത ഒരു അഡ്വഞ്ചറ് ഫിലിം സ്ക്രിപ്റ്റ്.

മണല് 
അഡ്വഞ്ചറ് ഫിലിം സ്ക്രിപ്റ്റ്.

കോമ 
സംഭ്രമജനകമായ മെഡിക്കല്ക്കുറ്റാന്വേഷണ കഥകള്.

ദുറ്ഗ്ഗം
ഡോ. ഏ. ജേ. ക്രോണിന്റ്റെ 'ദി സിറ്റാഡെല്' എന്ന വിശ്രുത കൃതിയുടെ മലയാളം പുനരാഖ്യാനം.

ഗൂഡ് ലായി ഗ്രാമം
പത്തൊമ്പതാം നൂറ്റാണ്ടില് തമിഴ്നാട്ടിലെ രാമനാഥപുരം പ്രവിശ്യയില് നിന്നാരംഭിച്ച് ഇരുപതാം നുറ്റാണ്ടില് തിരുവിതാംകൂറിലവസാനിച്ച, മറവന്മാരുടെയും തമ്പിമാരുടെയും തേവറ്മാരുടെയും മൂന്നു തലമുറ നീളുന്ന പ്രതികാര സംഭവ കഥ.
കാലം ജാലക വാതിലിലിന്റ്റെ പ്രകാശനത്തെത്തുടറ്ന്ന്:
1999 ഫെബ്രുവരി, മാറ്ച്ച് മാസങ്ങളിലെ ന്യൂസ്.

മലയാള ലിപി സംരക്ഷണ സമിതി രൂപംകൊണ്ടു.

തന്റ്റെ അടുത്ത പുസ്തകം സ്വന്തം കൈയ്യക്ഷരത്തിലും ചിത്രത്തിലുമിറങ്ങുമെന്ന് നറ്മ്മ കൈരളി പ്രസിഡണ്ട്   സുകുമാറ്.

കവികള് കൈയ്യക്ഷരം വെളിപ്പെടുത്തിത്തുടങ്ങി. [കലാ കൌമുദി. ഓ.എന്.വി. ഫെബ്രുവരി 1999]

മലയാളം പഴയ ലിപി ഡി.റ്റി.പി. പാക്കേജ് നിറ്മ്മിക്കുന്നയാള്ക്ക് 10,000 രൂപ സമ്മാനം. 

കാലം ജാലക വാതിലില് യാത്ര തുടരുന്നു........

More books will come here soon, along with previews of future ones.


022. ആദ്യമായ് വയലേലയില്, കൊയ്ത്തു സമരക്കാഹളം.

ആദ്യമായ് വയലേലയില്
കൊയ്ത്തു സമരക്കാഹളം
 
പി. എസ്സ്. രമേഷ് ചന്ദ്ര


ആദ്യമായ് വയലേലയില്
കൊയ്ത്തു സമരക്കാഹളം
കൊടിപിടിച്ചൊരു കൂട്ടമാളുകള്
പണിമുടക്കുന്നു.

ആദ്യമായരിവാളുകള്
താഴ്ത്തി സമരം ചെയ്യുവാന്
ആദ്യമായവരൈക്ക്യമായ്-
ച്ചെങ്കൊടിയുയറ്ത്തുന്നു.

ആനയും അമ്പാരിയും
തേരുമോഴുകിയ തെരുവില് ഞാന്
ആദ്യമായ് പ്രതിഷേധ മുറയും
പ്രകടനം കണ്ടു.

മണികിലുക്കി വരമ്പിലും
കുടപിടിച്ചു കളത്തിലും
തണ്ടു കാട്ടിയ തമ്പുരാന്മാറ്
തലകള് താഴ്ത്തുന്നു.

ആദ്യമായ് വെടിയൊച്ചകള്
കേട്ടു ഗ്രാമമുണറ്ന്നുപോല്
ആദ്യമായാണുങ്ങളകലെ-
ക്കാട്ടിലലയുന്നു.

ആളൊഴിഞ്ഞു നിശ്ശബ്ദമായ്
ആറ്റു വക്കിലെയമ്പലം
ആല്ച്ചുവട്ടില്ക്കൂടുമാള്ക്കൂ-
ട്ടങ്ങളെങ്ങോപോയ്‌.

ഒന്നു ഞാനെന് ചുവടുകള്
പൂഴിമണലില് പൂഴ്ത്തുകില്
പൂപറിക്കാന് പോയ കുഞ്ഞിന്
കൊഞ്ചല്കേള്ക്കുന്നു.

ചോര വീണു ചുവന്നൊരീ
ഗ്രാമ വീഥിയിലൂടെയെന്
ചുവടു മുന്നോട്ടില്ല,മുന്നോ-
ട്ടില്ല നീങ്ങുന്നു.

*        *         *         *      

സ്വറ്ണ്ണവറ്ണ്ണപ്പൂവുകള്
പൂത്തുനില്ക്കും മേടുകള്
സന്ധ്യയായ്, നിരനിരകളായി
നിരന്നു നക്ഷത്രം.

താരദീപ്ത നഭസ്സുകള്
കാവല്നില്ക്കും കാടുകള്
കാറ്റുലയ്ക്കും മേട്ടില്നിന്നാ-
ക്കാഴ്ച്ച ഞാന് കണ്ടു.

കാറ്മ്മുകില്ച്ചുരുള്മാലകള്
കാറ്റുലയ്ക്കും കാടുകള്
ഘോരമഴയില്ക്കുളിരുമൊടിയില്-
ക്കണ്ടിരുന്നൂ ഞാന്.

കാട്ടുചോലയ്ക്കരികിലെന്
കുടിലിലുറ്റവരൊത്തുഞാന്
കാട്ടുമാനുകള് പാഞ്ഞുപോവതു
കണ്ടകാലം പോയ്‌.


021. ദെത്താന്ത്. അന്താരാഷ്ട്ര സംഘറ്ഷങ്ങള്ക്ക് അയവുവരുത്തല്.

ദെത്താന്ത്
അന്താരാഷ്ട്ര സംഘറ്ഷങ്ങള്ക്ക് അയവുവരുത്തല്.

പി എസ്സ് രമേഷ് ചന്ദ്ര


റീഷു്റ്റാഗിന്1  തീജ്ജ്വാലകള് 
പടരുമ്പോളൊളി ചിന്നി-
യുയറ്ന്നീടുക ചാരങ്ങളില്നിന്നും ഫീനിക്സ്!

ക്യാമ്പ് ഡേവിസ്സെയ്തു
മുറിച്ചുവോ നിന്നുടല് 
ഹെല്സിങ്കി കത്തിയ്ക്കു കോറ്ത്തുവോ നിന്നെയും?

ഡീഗോഗാറ്ഷ്യകള് നിന്റ്റെ 
കാനനക്കണ്ണിന്റ്റെ 
കാഴ്ച്ചകവറ്ന്നുവോ കാറ്ട്ടറിന് ഡോക്ട്രിനാ-

ക്കാലുകള്ക്കാണി 
തറച്ചുവോ? റീഗന്റ്റെ 
കുതിരക്കുളംപിന്റ്റെ ധൂസരധൂളിയാ-

ലാവൃതമാമുഖ-
മാഴങ്ങളാഴുമെ-
ന്നോറ്മ്മയില്നിന്നുമേ മായുന്നു മായുന്നു.

മോസ്ക്കോയില് മിഷയാം നിന് 
മന്ദസ്മിതത്തിന്റ്റെ 
മാസ്മരമാരിവില് മായുംമുമ്പേ,

ദൂരേയൊളിമ്പസ്സില് 
ഒലിവുമരക്കാടുകളുടെ-
യിരുളില് ഇടിവെട്ടു,ന്നവറ് മറുപടിയെഴുതി2 .

ഐസനോവറ്!3 നിന്റ്റെ
പെട്ടിയില് നീ കിട-
ന്നൂറ്ദ്ധം വലിക്കുമ്പോളോറ്ത്തുകൊള്ക:

മാന്ഹട്ടന്4 ഫ്രാങ്ക്സ്റ്റീന്റ്റെ 
ഭൂതമായ്!5 ക്കണ്ടുവോ
പടരും നന്ദാദേവിതന് ദുരന്തം?

നാളത്തെയടിമകള് 
ടെസ്ട്യൂബില് വളരുമ്പോള് 
ഹെറഡോട്ടസ്സ്!7 നീയിന്നു ലജ്ജിക്കുന്നോ?

ശസ്ത്രങ്ങളേന്ന്തും നീ
ടെസ്ട്യൂബ് ശിശുവിന്റ്റെ-
യോക്സിജന് സപ്പ്‌ളേ കുറച്ചീടുമോ?

നോബല്!നിന് സ്വപ്നത്തില് 
സി.ഐ.എ. കാണാച്ചര- 
ടിഴതുന്നുംകാലം അതിദൂരത്തല്ല.

പെട്രോഡോളറ് സാമ്രാ-
ജ്യത്ത്വത്തിന്നോടത്തില്
തുഴയായാല് നാസറ്! നീ ദു:ഖിക്കുമോ?

മേഷങ്ങള് പൊരുതുമ്പോള്
നിണമൊഴുകും തറനക്കാന് 
യാങ്കികളും പിണിയാളും തീരത്തെത്തും;

യോറ്ദ്ദാനില്,ച്ചെങ്കടലില്, 
നൈലിന് തീരങ്ങളിലും,
തിരനീക്കിക്കുറുനരികള് പാഞ്ഞിട്ടില്ലേ?

പാലസ്റ്റീന്! നിന്മുന്നില്, 
സെയ്ഗോണ്‍! നിന് വയലുകളില്
മാത്രം കുറുനരികള്തന് കാലുളുക്കി.

ഷാറ്റ്-അല്-അറ!ബൊഴുകിക്കൊള്-
കിരുകരയും ചുടുകാടുക- 
ളായാലും കഥയറിയാതൊഴുകിക്കൊള്ക.

കണ്ടുവോ എന്റ്ററ്പ്രൈ9 -
സിന്ത്യാ സമുദ്രത്തിന് 
തിരമാലക്കൈകളില് ദെത്താന്തത്രേ!10 

വിശ്വസ്സമാധാന-
മിടിമുഴക്കങ്ങളി-
ലഗ്നിബാണങ്ങളിലല്ലവരും;

പുത്തനുഷസ്സുകള് 
തേടും ചുവന്നൊരു 
സൂര്യന്റ്റെ തേരിലേ ദെത്താന്തെത്തൂ.    കുറിപ്പുകള്:

1. ചരിത്രപ്രസിദ്ധമായ റീഷ്റ്റാഗ് തീവെപ്പ്.
2. ഒളിമ്പിക്ക്സില് അത്‌ല റ്റുകളുടെ കൂട്ടക്കൊല.
3. അണുബോംബ് നിറ്മ്മാണകാലത്തെ അമേരിക്കന് പ്രസിഡണ്ട്.
4. നാസി വിരുദ്ധ രാഷ്ട്രങ്ങളുടെ സംയുക്ത അണുബോംബ് നിറ്മ്മാണ    പദ്ധതിയുടെ കള്ളപ്പേരാണ് മാന്ഹട്ടന് പദ്ധതി.
5. മേരി ഷെല്ലിയുടെ വിശ്രുത നോവല്. സ്രഷ്ടാവിനും നിയന്ത്രിക്കാനാവാത്ത സൃഷ്ടി.
6. നന്ദാദേവിക്കൊടുമുടിയില് നിന്നും നദീജലത്തിലേയ്ക്ക് അണുപ്രസരണ മുള്ള ചാരഉപഗ്രഹം എത്തിച്ചേറ്ന്നത്.
7. ഹെറഡോട്ടസ്സ് -വൈദ്യശാസ്ത്രത്തിന്റ്റെ പിതാവ്.
8. തുടരുന്ന ഇറാന്-ഇറാക്ക് യുദ്ധം.
9. അണുശക്തികൊണ്ട് പ്രവറ്ത്തിച്ചിരുന്ന അമേരിക്കന് പടക്കപ്പല്.
10. ദെത്താന്ത്‌- അന്തറ്ദ്ദേശീയ സംഘറ്ഷങ്ങള്ക്ക് അയവുവരുത്തലിനെ സൂചിപ്പിക്കുന്ന ഫ്രെഞ്ച് പദം.