Thursday 8 August 2013

011. തിരിച്ചുവരുന്ന കുയിലു്, ചിരിക്കുന്ന ജൂഡാസ്സു്

011

തിരിച്ചുവരുന്ന കുയിലു്, ചിരിക്കുന്ന ജൂഡാസ്സു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image Graphics: Adobe SP.

തിരിച്ചുവരുന്ന കുയിലു്, ചിരിക്കുന്ന ജൂഡാസ്സു്

1. തിരിച്ചുവരുന്ന കുയിലു്

കാലത്തി൯ തേരിലു്നിന്നും
കുഴലൂത്തുയ൪ന്നപ്പോ-
ളോ൪ത്തുപോയു്, മണിസ്വനം
ബോബി സാ൯ഡു്സ്സോ? വ൪ഷങ്ങളു്

ഇരുപത്തേഴല്ലിരു-
ന്നൂറുനൂറ്റാണു്ടി൯ ഭാവം
ചൂടിയാക്കുയിലു് ദൂരെ
ദൂരെയായു്പ്പറന്നുപോയു്.

തേങ്ങിയില്ലൊരിക്കലും,
വിതുമ്പുംചുണു്ടാലു്, നി൯റ്റെ
തോഴരാം സഖാക്കളു് നി൯
മൂകമാംചുണു്ടിലു്ച്ചുംബി-

ച്ചൊരിക്കലു്പ്പോലും യാത്ര
ചൊല്ലിയില്ലവ൪, മൂകം
കൊടുങ്കാറ്റുറങ്ങീടും
ചെപ്പുകളു് തുറന്നുകൊ-

ണു്ടണയാസ്സൂര്യ൯ കോടി-
ക്കരങ്ങളു് നീട്ടിപ്പിഴി-
ഞ്ഞുണക്കും കരിയില-
കാടുകളു് തേടിപ്പോയി.

ആളൊഴിഞ്ഞെങ്ങും നിത്യം
പറക്കും കോണു്കോ൪ഡി൯പൂ-
ഞു്ചിറകിലു്ക്കൊഴിഞ്ഞൊരാ
വസന്തം തേടിത്തേടി,

കുയിലു്ക്കൂടുകളു്തക൪-
ത്തെറിഞ്ഞും കിളിക്കഴു-
ത്തറുത്തും രസിക്കുമീ-
യണയാസ്സൂര്യ൯, മേലേ

മാനത്തി൯ മടിയിലു്നി-
ന്നൊഴുകിയെത്തും കൊച്ചു-
രാക്കുയിലു്രാഗം കേട്ടി-
ന്നെന്തിനേ നടുങ്ങുന്നു?

വാനവും മറച്ചുകൊ-
ണു്ടുയരും കാ൪മ്മേഘക്കൂ-
ട്ടങ്ങളിലു് വിദ്യുതു്ശരം
പോലെയാക്കുയിലു്, പുത്ത൯

ഊ൪ജ്ജധാരയായു്, തപു്ത
ബാഷു്പവും ചെന്തീമഴ
യാക്കുവാ൯ പറ,ഞ്ഞെന്തേ
തിരികെപ്പറക്കുന്നു?

സംഘഗാനങ്ങളു് പാടും
ശ്യാമമേഘങ്ങളു് കൊടു-
ങ്കാറ്റുമായു്ക്കൈകോ൪ത്തെന്തേ-
യോതിടുന്നതേ മന്ത്രം?:

"സത്യമായു്, സത്യംകാക്കും
ജ്വാലയായു്, വെളിച്ചമാ-
യഗ്നിയായൊഴുകട്ടെ-
യക്ഷരമന൪ഗ്ഗളം.

അസ്ഥിവേരുകളു് തോണു്ടി-
യമ൪ഷം പറിച്ചെറി-
ഞ്ഞുറങ്ങാ൯ പഠിപ്പിക്കാ-
നെഴുതാതിരിക്കുക!

അറിവാകുന്നൂ ദൈവം,
അജ്ഞത ചെകുത്താനും;
നേ൪ക്കുനേരവരുടെ
പടയോട്ടം ജീവിതം!!"

2. ചിരിക്കുന്ന ജൂഡാസ്സു്

ജൂഡാസ്സു ചിരിക്കുന്നു,
സി. ഐ. ഏ. ചിരിക്കുന്നു,
ശ്വാസത്തി൯പെരുമ്പറ
മുഴക്കംമുടങ്ങുന്നു.

"ശരപഞു്ജരങ്ങളിലു്
പിടയുംകരളു്കരി-
ഞ്ഞുയരുംകൊടുങ്കാറ്റിലു്
ഞങ്ങളു്പുലു്ക്കാടാണത്രെ!"

അമ൪ഷം വിഷാദമായു്
മാറ്റുവാ,നെല്ലാം സഹി-
ച്ചീടുവാ൯, വിലങ്ങുകളു്
ക്രിസ്സു്തുപോലു്സ്സ്വയംചൂടി

ആത്മപീഢനത്തി൯റ്റെ
കാട്ടുപാതകളു്തോറു-
മാനന്ദംതേടാ൯, മൂന്നാം
ലോകരാജ്യങ്ങളു് പഠി-

ച്ചീടുവാ൯ പരീശ൯മാ൪-
ക്കായുധം ബൈബിളു്! ജൂഡാസ്സു്
ഇളകിച്ചിരിക്കുന്നു
നെടുങ്ക൯ ളോഹയു്ക്കുള്ളിലു്!!

റോക്കു്ഫെല്ല൪ നീട്ടുംകൈയ്യായു്,
യുണിസെഫു് ഗോതമ്പായി,
ഡെലിഗേഷനായു്, സ്റ്റുഡ-
൯റ്റെകു്സ്സു്ചേഞു്ച്ചായു്, ബ്രെയി൯ഡ്രെയിനായു്,

അസ്ഥിവാരങ്ങളു്തോറും
ചിരിക്കുന്നു സി. ഐ. ഏ;
ബലിപീഠങ്ങളു് ചരി-
ത്രത്തി൯റ്റെയത്താണികളു്!!



Video Link: https://www.youtube.com/watch?v=8KUBp7_io0s

This song was also cast in English which is hereunder:

Article Title Image By Noel Bauza. Graphics: Adobe SP.

Video Link: https://www.youtube.com/watch?v=nWwASEMwaA8

In Search Of Silver Stars

 
P. S. Remesh Chandran

She looked at
She touched at
She called called in vain,
He won't look
He won't laugh
Ha had gone with pain.

She bowed at
She kissed at
His lovely lovely face,
She stretched it
She pulled it
His curly curly curls.

She looked up
At all face
To see them red with rage,
But how could
A soul barred
That fly far way from cage?

The sunrise
And sunset
As usual played outside,
So thirsty
A laughter
The twinkling stars displayed.

And violence
That sweeps out
At all times like a tide,
Has not one
But thousand
Colours in lap it hide.

Of one charm
One console
And one has yet been veiled,
And one balm
Of one stroke
Will pull that silence out.

And life blood
Like long rills
-In bowels of mind it fill,
And out flood
And foam spills
O'er bowers of Ireland still.

Oh Belfast,
Be thou fast,
Be not a feast by fast!
In ashes
Flames splashes
In search of silver stars.


തിരിച്ചുവരുന്ന കുയിലി൯റ്റെ മുഖവുര. അലു്പം ചരിത്രം:

സായുധകലാപങ്ങളും സത്യഗ്രഹങ്ങളും ലോകമെങ്ങും പലരാജ്യങ്ങളിലെയും ദേശീയവിമോചനപ്പ്രസ്ഥാനങ്ങളെ വമ്പിച്ചരീതിയിലു് സ്വാധീനിക്കുകയും വഴിതിരിച്ചുവിടുകയും ചെയു്തിട്ടുണു്ടു്. സത്യാഗ്രഹത്തിലു്നിന്നും സായുധകലാപത്തിലേക്കും സായുധകലാപത്തിലു്നിന്നും സത്യാഗ്രഹത്തിലേക്കുമുള്ള വ്യതിയാനങ്ങളു് ഇ൯ഡൃ൯ സ്വാതന്ത്ര്യസമരത്തി൯റ്റെയും സവിശേഷതയായിരുന്നു. 'മുന്നിലുള്ള പ്രശു്നങ്ങളോടു് തുല്യതപാലിക്കുന്നതിലാണു് ധൈര്യംകുടികൊള്ളുന്നതു്'. ഗാന്ധി നകു്സ്സലൈറ്റു് ആവുമ്പോഴും നകു്സ്സലൈറ്റു് ഗാന്ധിയാവുമ്പോഴും പ്രശു്നങ്ങളു് പരിഹരിക്കപ്പെടുന്നില്ല. സമൂഹത്തി൯റ്റെതന്നെ സമരമുറമാറുന്നതാണു് സമൂലപരിവ൪ത്തനങ്ങളു്ക്കു് ആധാരം. സത്യഗ്രഹത്തി൯റ്റെ സൃഷ്ടിക൪ത്താവായ ബാരിസ്സു്റ്റ൪ എം. കെ. ഗാന്ധി അ൪ദ്ധരാത്രിനടന്ന ഇ൯ഡൃ൯ അധികാരക്കൈമാറ്റത്തിനുശേഷം ദക്ഷിണ ആഫ്രിക്കയിലേക്കു് ത൯റ്റെ സമരായുധവുമായി തിരികെപ്പോയില്ല. സത്യഗ്രഹതിലു്നിന്നു് സായുധസമരത്തിലേക്കാണു് ആഫ്രിക്ക൯മനസ്സു് വികസിച്ചതു്.

ആഫ്രിക്ക൯ ഭൂഖണ്ഡത്തിലെ കറുപ്പി൯റ്റെ കരുത്തിയന്ന കലാപങ്ങളു് അനേകം ജനാധിപത്യറിപ്പബ്ലിക്കുകളുടെ ഉദയത്തിലു് കലാശിച്ചു. വ൪ഗ്ഗോലു്പ്പത്തി, വ൪ണ്ണവ്യവസ്ഥ, വന്യസാമൂഹ്യാവസ്ഥ, വിദേശിവാഴു്ച്ച എന്നിവയിലെല്ലാം ഇ൯ഡൃയോടു് ഏറ്റവും സാധ൪മ്മ്യംപുല൪ത്തുന്ന ആഫ്രിക്കയിലെ ഈ ജനകീയവിജയങ്ങളു്ക്കു് സായുധവിപ്ലവത്തി൯റ്റെതന്നെ ബഹുജനപ്പ്രക്ഷോഭമാ൪ഗ്ഗം, ഗറില്ലാസമരമുറകളു് എന്നീ രണു്ടു് മുഖങ്ങളും ഒരേപോലെ സ്വീകരിക്കപ്പെട്ടിരുന്നു. അംഗോളാ റിപ്പബ്ലിക്കി൯റ്റെ സ്ഥാപകപ്രസിഡ൯റ്റും കവിയുമായിരുന്ന ഡോ. അഗസ്സു്റ്റിനോ നെറ്റോ, മൊസാംബിക്കു് റിപ്പബ്ലിക്കി൯റ്റെ സ്ഥാപകപ്രസിഡ൯റ്റും കവിയുമായിരുന്ന, സി. ഐ. ഏ. സഹായത്തോടെ ദക്ഷിണ ആഫ്രിക്കയിലെ വ൪ണ്ണവെറിയ൯ഭരണകൂടം നടത്തിയ വിമാന അട്ടിമറിയിലു് 1986 ഒകു്ടോബറിലു് തക൪ന്നുവീണ സഖാവു് സമോരാ മാഷേലു്, അദ്ദേഹത്തി൯റ്റെ പതു്നിയും ഗറില്ലാസേനാനിയും കവയിത്രിയുമായിരുന്ന, സായുധ സമരത്തിലു് അകാലമൃത്യുവരിച്ച സഖാവു് ജൊസീനാ മാഷേലു്, എന്നിവ൪ ആഫ്രിക്ക൯ വിപ്ലവവിഹായസ്സിലു് പ്രഭചൊരിഞ്ഞു് നക്ഷത്രങ്ങളായി വിരാജിക്കുന്നു. 'ജനനമെന്ന സംഭവത്തേക്കാളു് മഹത്തായതാണു് ജനനകാരണ'മെന്നതു് അത്യഗാധമായ അ൪ത്ഥമുള്ള ഒരു ആഫ്രിക്ക൯സൂക്തമായി മാറിയിട്ടുണു്ടു്.

സായുധ ഗറില്ലാസമരമുറകളുടെ ഉജ്ജ്വലവിജയത്തി൯റ്റെ ലക്ഷണമൊത്ത ഉദാഹരണം ക്യൂബ൯വിപ്ലവമാണു്. അമേരിക്ക൯ വ൯കരയിലു്നിന്നും കല്ലെടുത്തെറിഞ്ഞാലു്ക്കൊള്ളുന്ന ദൂരത്തിലു്നിന്നു് ആ വ൯കരയിലെ മ൪ദ്ദകഭരണകൂടത്തെ വെല്ലുവിളിച്ച ചേരിചേരാ നേതൃരാജ്യമാണു് കൊച്ചുദ്വീപായ ക്യൂബ. ലോകമെങ്ങും മ൪ദ്ദിതരുടെ പടയണികളുടെമുന്നിലു് ഉയ൪ത്തപ്പെടുന്ന ചിത്രമാണു് ക്യൂബയുടെ സ്വാതന്ത്ര്യനായകനായിരുന്ന ചെ ഗുവേരയുടെതു്. (ക്യൂബ൯ ഭാഷയിലു് 'ചെ' എന്നതിന൪ത്ഥം 'പ്രിയപ്പെട്ടവ൯'). ജീവിതസായാഹ്നത്തിലു് ഗാന്ധിയെക്കൈയ്യൊഴിഞ്ഞ മഹത്വം മുപ്പതുവയസ്സിലു്ത്തന്നെ ഗുവേരയെപ്പുലു്കി. ത൯റ്റെ ഉറ്റതോഴനായ ഫിദലു് കാസ്സു്ട്രോയോടൊപ്പം ഗറില്ലായുദ്ധമുറയിലു് ക്യൂബയു്ക്കു് സ്വാതന്ത്ര്യംനേടിക്കൊടുത്തു് കാസ്സു്ട്രോയെ പ്രസിഡ൯റ്റായി അവരോധിച്ചതിനുശേഷം രാഷ്ട്രപിതാവാകുവാ൯നിലു്ക്കാതെ പരിശീലനംസിദ്ധിച്ച ത൯റ്റെ ഒളിപ്പോരാളികളോടൊപ്പം ചെ ഗുവേര പൊരുതുന്ന ബൊളീവിയ൯ ജനതയു്ക്കു് നേതൃത്വംനലു്കുവാനായിപ്പോയി. ബൊളീവിയ൯ കാടുകളിലു്വെച്ചു് പിടിക്കപ്പെട്ട ആ ക്യൂബ൯വിപ്ലവകാരിയെ വെടിവെച്ചുകൊല്ലുമ്പോളു് ശത്രുസൈനികനിരയിലെ എല്ലാത്തോക്കുകളു്ക്കും ഉന്നംപിഴച്ചുവത്രെ!

സത്യഗ്രഹസമരങ്ങളിലു് സമരശേഷിതന്നെ ഹോമിച്ചതി൯റ്റെ അനുഭവം പഠിക്കുവാ൯ അയ൪ലണു്ടിലേക്കു് ശ്രദ്ധിച്ചാലു്മതി. സൂര്യനസു്തമിക്കാത്ത സാമ്രാജ്യത്തി൯റ്റെ പോയകാലപ്രൗഢി നിലനി൪ത്താനായി, യാത്രക്കാ൪ വളരെ വിരളമായിട്ടും കനത്ത സാമ്പത്തികനഷ്ടം സഹിച്ചുകൊണു്ടു് ആഭ്യന്തര സ൪വ്വീസ്സുകളു്ക്കുപോലും ചെലവേറിയ കോണു്കോ൪ഡു് വിമാനങ്ങളുപയോഗിക്കുന്ന ബ്രിട്ട൯റ്റെ ചൂഷണഭൂമിയാണു് അയ൪ലണു്ടു്. ബ്രിട്ടീഷു് തടവറകളിലു് മനുഷ്യോചിതമായ സൗകര്യങ്ങളു് ഏ൪പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണു്ടു് 1981ലു് അയ൪ലണു്ടി൯റ്റെ സ്വാതന്ത്ര്യത്തിനുവേണു്ടി പ്രവ൪ത്തിക്കുന്ന ഐറിഷു് റിപ്പബ്ലിക്ക൯ അ൪മി സായുധകലാപങ്ങളു് മാറ്റിവെച്ചു് തടവറകളിലു് സത്യഗ്രഹത്തിലേക്കുനീങ്ങി. മെയിസ്സു് തടവറയിലു് വിപ്ലവകാരികളുടെ നേതാവും കവിയുമായ ബോബി സാ൯ഡേഴു്സ്സണു് എന്ന ഇരുപത്തേഴുകാര൯ നിരാഹാരസമരം ആരംഭിച്ചു. സത്യഗ്രഹത്തിലു് ആയിരിക്കുമ്പോളു്ത്തന്നെ ഉത്തര അയ൪ലണു്ടിലെ സൗത്തു് ടൈറോണു് പ്രവിശ്യയിലു്നിന്നും ഐറിഷു് പാ൪ലമെ൯റ്റിലേക്കു് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സത്യപ്രതിജ്ഞചെയ്യാ൯ അനുവദിക്കപ്പെട്ടില്ല. മകനെ തടവറയിലു് സത്യഗ്രഹത്തിലു്നിന്നു് പിന്തിരിപ്പിക്കണമെന്നു് അമ്മ റോസലി൯ സാ൯ഡു്സ്സിനോടു് ജോണു് പോളു് രണു്ടാമ൯ മാ൪പ്പാപ്പ അഭ്യ൪ത്ഥിച്ചുനോക്കിയെങ്കിലും ആ വീരമാതാവു് അതിനുവഴങ്ങിയില്ല. തടവറകളിലു് കൂടുതലു് സൗകര്യങ്ങളേ൪പ്പെടുത്താനാകട്ടേ മാ൪പ്പാപ്പ ബ്രിട്ടനെ നി൪ബ്ബന്ധിച്ചുമില്ല. സത്യഗ്രഹതി൯റ്റെ അമ്പത്തഞു്ചാംദിവസം ശരീരത്തിലെ തൊലി ഉരിഞ്ഞുപോകാതിരിക്കാ൯ സത്യഗ്രഹിയെ വെള്ളംനിറച്ച ബാഗുകളിലേക്കുമാറ്റി. അറുപത്തഞു്ചാമത്തെ ദിവസം [1981 മേയു് 5] സത്യഗ്രഹി അന്ത്യശ്വാസംവലിച്ചു. തുട൪ന്നു് സമരമേറ്റെടുത്ത ഇരുപത്തഞു്ചുകാര൯ ഫ്രാ൯സ്സിസ്സു് ഹ്യൂസ്സു് മെയിസ്സും വീണു്ടും മറ്റേഴുപേരും ആ റിലേസത്യഗ്രഹത്തിലു് ഒരേതടവറയിലു് മരിച്ചുവീണു. ഐറിഷു് റിപ്പബ്ലിക്കനാ൪മിയിപ്പോളു് ഒളിപ്പോരിലേക്കു് മടങ്ങിയിരിക്കുകയാണു്.

പ്രതിബദ്ധത പ്രസംഗിക്കുന്നവ൪ക്കു് ഉളു്പ്പെടലി൯റ്റെ ഉജ്ജ്വലത പ്രകാശിപ്പിച്ചുകൊടുക്കുന്ന ഉത്തമ ഉദാഹരണമാണു് ബോബിയുടേതു്. ബോബി സാ൯ഡു്സ്സു് എന്ന കലാപകവിയുടെ ദു:രന്തം വാക്കുകളുടെ തടവിലു്ക്കഴിയുന്ന കവികളു്ക്കും കലാപകാരികളു്ക്കും ഉഗ്രമായ ഒരു താക്കീതാണു്.


A speech of this introduction is available:

 
തിരിച്ചു വരുന്ന കുയിലി൯റ്റെ മുഖവുര. അലു്പം ചരിത്രം Audio:


https://www.youtube.com/watch?v=OOEBvcFJHJc

പ്രസിദ്ധീകരണ, രചനാചരിത്രം:

തിരുവനന്തപുരത്തുള്ള നിയമസഭാ സാമാജികരുടെ ഹോസ്സു്റ്റലിലെ രണു്ടു് മുറികളിലു് ഞാ൯ പോകുമായിരുന്നു. ഒന്നു് പുതിയ, എന്നാലു് നാലു് നിലകളു്മാത്രം അന്നുണു്ടായിരുന്ന, മന്ദിരത്തിലെ ഒരു മുറിയിലും, പിന്നൊന്നു് പുരാതനമായ ഓടിട്ട ഒരു ഒറ്റനിലക്കെട്ടിടത്തിലെ അനെകു്സ്സു്-10 എന്ന മുറിയിലും. ഈ മുറിയിലു് പാ൪ട്ടി ജില്ലാ സെക്രട്ടറി ശ്രീ. കാട്ടായിക്കോണം വി. ശ്രീധറാണു് കഴിഞ്ഞിരുന്നതു്- കുത്തകപ്പാട്ടംകിട്ടിയപോലെ. അവിടെവെച്ചു് ഒരു ഇംഗു്ളീഷു് ദിനപ്പത്രത്തിലു്- ദി ഹിന്ദുവിലോ ഇ൯ഡൃ൯ എകു്സ്സു്പ്രസ്സിലോ ആണു്- ബോബി സാ൯ഡു്സ്സി൯റ്റെ രക്തസാക്ഷിത്വവാ൪ത്ത ആദ്യമായി വായിക്കുന്നതു്. അവിടെയുണു്ടായിരുന്ന, തോരണം ഉണു്ടാക്കാനുപയോഗിക്കുന്ന, ഉള്ളിത്തൊലിപോലത്തെ റോസ്സു് കടലാസ്സിലു് അപ്പോളു്ത്തന്നെ അതി൯റ്റെ പ്രസക്തഭാഗം കുറിച്ചെടുത്തു. ഈ രചനയുടെ ആദ്യരൂപമായ ഇംഗ്ലീഷിലുള്ള 'ഇ൯ സേ൪ച്ചു് ഓഫു് സിലു്വ൪ സ്റ്റാഴു്സു്’ ‘In Search Of Silver Stars' അപ്പോളു് അവിടെവെച്ചാണു് ഉണു്ടായതു്- അനെകു്സ്സു്-10 ലു് 1981ലു്. അതു് ഇവിടെ അതേപടി ചേ൪ത്തിട്ടുണു്ടു്. ഒരാഴു്ച്ചക്കുള്ളിലു് 'തിരിച്ചുവരുന്ന കുയിലു്, ചിരിക്കുന്ന ജൂഡാസ്സും' രചിക്കപ്പെട്ടു, അവിടെവെച്ചല്ലാതെ. അയ൪ലണു്ടിലു് നടന്നുവരുന്ന സ്വാതന്ത്ര്യപ്പ്രസ്ഥാനത്തെ ശ്രദ്ധിക്കാനിടയായതും ഇതിലൂടെയാണു്.

എനിക്കു് സ്വന്തമായി പാടി ആസ്വദിക്കാ൯വേണു്ടിയാണു് എ൯റ്റെ എല്ലാ ഗാനങ്ങളും രൂപംകൊള്ളുന്നതെങ്കിലും, പ്രസിദ്ധീകരണയോഗ്യമെന്നു് തോന്നിയതിനാലു് ഞാനിതു് ദേശാഭിമാനി വാരിക, ചിന്ത വാരിക എന്നിവക്കു് അയച്ചുകൊടുത്തു. അവ അതേ വേഗതയിലു് മടങ്ങിവന്നു. ഒരു റിജെക്ഷ൯ സ്ലിപ്പിലു് ശ്രീ. വി. എസ്സു്. അച്ച്യുതാനന്ദ൯റ്റെ പച്ചമഷിയിലുള്ള ഒപ്പാണു് ഉണു്ടായിരുന്നതു് എന്നാണോ൪മ്മ. കലാകൗമുദി വാരികയിലു് നലു്കിയതു് അന്വേഷിച്ചപ്പോളു്, അതി൯റ്റെ ഒരു സബ്ബു് എഡിറ്റ൪- അന്നത്തെ സബ്ബു് എഡിറ്റ൪, പക്ഷേ പിന്നീടു് ചീഫു് എഡിറ്ററായി- മേശയുടെ വിരിപ്പിനടിയിലു്നിന്നും എടുത്തുകാണിച്ചിട്ടു്, 'ഇതു് ഇവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണു്ടെ'ന്നു് പറഞ്ഞു. പിന്നൊരിക്കലു് ഫോണു്ചെയു്തുചോദിച്ചപ്പോളു് 'അതു് ഇവിടെ ഭദ്രമായി കുഴിച്ചിട്ടിട്ടുണു്ടെ'ന്നു് അദ്ദേഹം പറഞ്ഞു. കുഴിച്ചിട്ടിട്ടുണു്ടെങ്കിലു് പൊടിക്കണമല്ലോ, എന്നു് ഞാനുംകരുതി പിന്നീടങ്ങോട്ടു് പോയില്ല. അവിടെപ്പറ്റിയതു് എന്തെന്നാലു്, ചീഫു് എഡിറ്റ൪ ശ്രീ. എം. എസ്സു്. മണിയെ നേരിട്ടുകാണുന്നതിനുപകരം സ്വന്തംനാട്ടുകാരനായ സബ്ബു് എഡിറ്ററെ കണു്ടതാണു്. മനുഷ്യ൯റ്റെ അസൂയയു്ക്കു് അതിരുണു്ടോ, എത്ര വിദ്യാഭ്യാസമുണു്ടെങ്കിലും? ‘തിരിച്ചുവരുന്ന കുയിലു്, ചിരിക്കുന്ന ജൂഡാസ്സു്’ മാതൃഭൂമി വാരികയിലു്നിന്നുംകൂടി ഒരിക്കലു് മടങ്ങിവന്നു എന്നാണെ൯റ്റെ ഓ൪മ്മ. മലയാളമണ്ണു് വാരികയാണു് ഇതിലു് ആദ്യമായി അച്ചടിമഷി പുരട്ടിയതു്. ഇംഗ്ലീഷു്രൂപത്തിനു് കേരളത്തിലു് യാതൊരു പ്രസക്തിയും പ്രസിദ്ധീകരണസാദ്ധ്യതയും അക്കാലത്തു് ഉണു്ടായിരുന്നില്ല- ഇന്നുമില്ല. 1999 ഫെബ്രുവരി 10നു് തിരുവനന്തപുരം പ്രസ്സു് ക്ലബ്ബിലു് ഹാസ്യസാഹിത്യകാര൯ ശ്രീ. സുകുമാറിനു് ആദ്യപ്രതിനലു്കി ശ്രീ. ഗോപിനാഥു് മുതുകാടു് പ്രകാശനംചെയു്ത സഹ്യാദ്രി ബുക്കു്സ്സി൯റ്റെ 'കാലം ജാലകവാതിലിലു്' എന്ന ഗ്രന്ഥത്തിലാണു് ഈ രചന മുഖവുരയും മലയാളവും ഇംഗ്ലീഷും രൂപങ്ങളോടുംകൂടെ അതി൯റ്റെ പൂ൪ണ്ണരൂപത്തിലു് ആദൃമായി പുറത്തുവന്നതു്.


Included in the book:
 
 
From Prabhaathamunarum Mumpe

If you wish, you can purchase this book here:
https://www.amazon.com/dp/B07DCFR6YX

Kindle eBook
Published on May 28, 2018
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00

NOTE: It would be interesting to read the article: 083. ഈ കവിതകളുടെ ഉറവിടത്തിനെന്തു സംഭവിച്ചു? 
https://sahyadrimalayalam.blogspot.com/2018/06/083.html









No comments:

Post a Comment